മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മലപ്പുറം സിപിഎമ്മിൽ അഴിച്ചുപണി. സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് പാർട്ടി അടിത്തറ കൂടുതൽ ശക്തിപ്പെടുത്താൻ സിപിഎം മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ച് കൂടുതൽ നേതാക്കളെ ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു.
തിരൂരങ്ങാടി ഏരിയാ സെക്രട്ടറി തയ്യിൽ അലവിയെ ജില്ലാ കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. കെ. ബദറുന്നിസ, പി. പത്മജ, എം. ടി. അഹമ്മദ്, ഇ. നരേന്ദ്ര ദേവ് എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളായും തെരഞ്ഞെടുത്തു. പി.നന്ദകുമാറിന്റെ വിവാദ മലപ്പുറം പരാമർശത്തിൽ അദ്ദേഹം വിശദീകരണം നൽകിയിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി വി.പി.അനിൽ പറഞ്ഞു.
മലയോര മേഖലയിലെ 11 പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രിയങ്ക ഗാന്ധി എംപി കാര്യമായി ഇടപെട്ടില്ലെന്നും യോഗം വിമർശിച്ചു. പ്രദേശവാസികളുടെ ഈ വിഷയം പാർട്ടി ഏറ്റെടുക്കാനും യോഗത്തിൽ തീരുമാനമായി.